കോഴിക്കോട്: പൊന്നോണത്തെ വരവേല്‍ക്കാന്‍ നാടെങ്ങും തയാറെടുപ്പിലാണ്. ഓണം ഇക്കുറി കളറാക്കാന്‍ പൂക്കളുടെ വില്‍പ്പനയും തകൃതിയായി നടക്കുന്നുണ്ട്. അത്തം മുതല്‍ നഗരത്തില്‍ പൂ വിപണി സജീവമാണ്. പ്രധാനമായും ബംഗളൂരു, ഗുണ്ടല്‍പ്പേട്ട് എന്നിവിടങ്ങളില്‍ നിന്നാണ് പൂക്കളമൊരുക്കുന്നതിനുള്ള പൂക്കള്‍ കോഴിക്കോട് നഗരത്തില്‍ എത്തുന്നത്.
ചെട്ടി, അരളി, ജമന്തി, ചെണ്ടുമല്ലി, റോസ് എന്നിവയാണ് വിപണി കീഴടക്കിയിരിക്കുന്നത്. ചെട്ടിക്ക് കിലോയ്ക്ക് 40 രൂപ, ചെണ്ടുമല്ലി കിലോ 40 രൂപ, വെള്ള ജമന്തി കിലോ 200 രൂപ, വയലറ്റ് ജമന്തി 200 രൂപ, റോസ് കിലോ 200 രൂപ എന്നിങ്ങനെയാണ് നഗരത്തില്‍ പൂക്കള്‍ക്ക് റീട്ടെയില്‍ വില ഈടാക്കുന്നത്. വിലയില്‍ അരളിയാണ് ഏറ്റവും മുന്നില്‍. നൂറ് ഗ്രാമിന് 60 രൂപയാണ് അരളിപ്പൂവിന് കച്ചവടക്കാര്‍ ഈടാക്കുന്നത്.
ഇവിടെ ഇപ്പോള്‍ പൂക്കള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്. എന്നാല്‍ തിരുവോണമാകുമ്പോഴേക്കും ആവശ്യം വര്‍ധിക്കും. അതിനനുസരിച്ച് പൂക്കളുടെ വിലയിലും മാറ്റം വരും. പ്രധാന ഓണ ദിവസങ്ങളില്‍ പൂക്കളുടെ വില വര്‍ധിക്കാനാണ് സാധ്യതയുള്ളതെന്ന് പാളയം മാര്‍ക്കറ്റിലെ പൂക്കളുടെ മൊത്ത വ്യാപാരിയായ കെ.പി. നവാസ് പറഞ്ഞു.
"ഇത്തവണ പൂക്കള്‍ക്ക് വില വര്‍ധിച്ചിട്ടുണ്ട്. എന്നാലും ഓണത്തിന് പൂക്കളമൊരുക്കാതെ പറ്റില്ല. നാടന്‍ പൂവുകള്‍ക്ക് വലിയ ക്ഷാമമാണ്. വില കൂടിയാലും പൂക്കള്‍ വാങ്ങും', പാളയത്ത് പൂക്കള്‍ വാങ്ങാനെത്തിയ അരക്കിണര്‍ സ്വദേശി രമ്യ പറഞ്ഞു. സ്കൂളുകളിലും കോളജുകളിലും വിവിധ സ്ഥാപനങ്ങളിലും ഓണാഘോഷങ്ങള്‍ നടക്കുന്നതോടെ പൂക്കള്‍ക്കും വിപണിയില്‍ വലിയ തോതില്‍ ആവശ്യം ഉയരും.
ഉത്സവ സീസണ് ആയതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലും പൂക്കള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നുണ്ട്. ഇത് കേരളത്തിലെ പൂ വിപണിയിലും കാര്യമായി പ്രതിഫലിക്കുന്നുണ്ട്. അതേസമയം, ഓണക്കാലമായതോടെ മുല്ലപ്പൂവിനും ആവശ്യക്കാര്‍ വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇതനുസരിച്ച് മുല്ലപ്പൂവിനും വില വര്‍ധിച്ചു. ഒരു മുഴം മുല്ലപ്പൂവിന് 40 രൂപയാണ് കോഴിക്കോട് പാളയം മാര്‍ക്കറ്റിലെ വില.